ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ
മീനഭരണി മഹോത്സവം
എല്ലാ വർഷവും മീനമാസത്തിലെ തിരുവോണം നാളിൽ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് ആരംഭം കുറിക്കുകയും ഭരണിനക്ഷത്രത്തിൽ മീനഭരണി മഹോത്സവം സമാപിക്കുകയും ചെയ്യുന്നു. ഭദ്രകാളിപാട്ട്, വിശേഷാൽ പൂജാദികർമ്മങ്ങൾ, കലാപ രിപാടികൾ, അന്നദാനം, സാംസ്‌കാരിക സമ്മേളനം കരിയത്തമ്മ പുരസ്‌കാര സമർപ്പണം, അന്നദാനം, പൊങ്കാല, ദേവിയുടെ പുറത്തെഴുന്നെള്ളിപ്പ്, കുത്തിയോട്ടം, താലപ്പൊലിവ് ഘോഷയാത്ര എന്നിവയോടുകൂടി മീനഭരണി മഹോത്സവം സമു ചിതമായി ആഘോഷിച്ചുവരുന്നു. മീനഭരണി മഹോത്സവത്തിന്റെ നടത്തിപ്പിനായി ക്ഷേത്രട്രസ്റ്റ് വിപുലമായ ഒരുക്കങ്ങളും നടത്തിവരുന്നു. കൂടാതെ തിരുവനന്തപുരം നഗരസഭ, കേരള പൊലീസ്, ആരോഗ്യവകുപ്പ്, വിവിധ സംഘടനകൾ, സ്ഥാപനങ്ങളും വിവിധ സഹായങ്ങളും സേവനങ്ങളും നൽകിവരുന്നു.

കേരളത്തിലെ പ്രധാന ഭദ്രകാളി ക്ഷേത്രങ്ങളിൽ നടന്ന് വരുന്ന ഒരു പ്രധാന ചടങ്ങാണ് ഭദ്രകാളിപ്പാട്ട് ആധാവാ തോറ്റം പാട്ട്. മീനഭരണി മഹോത്സവത്തിന്റെ ഒരു
പ്രധാനചടങ്ങാണ് ഭദ്രകാളിപ്പാട്ട് (തോറ്റംപാട്ട്). 7 ദിവസങ്ങളിലായി വിവിധ കഥാഭാഗങ്ങളിലൂടെ വിവരിക്കുന്ന ഈ ഭദ്രകാളിപ്പാട്ട് കേൾക്കുന്നതും അതിലെ പ്രധാന ചടങ്ങുകളായ കുടിയിരുത്ത്, ദേവിയുടെ
തൃക്കല്ല്യാണമായ മാലപ്പുറം പാട്ട്, കൊന്നുതോറ്റ് പാട്ട് എന്നീ ചടങ്ങുകളിൽ പങ്കെടുക്കുന്നത് കൂടുതൽ ദേവീ പ്രീതി കിട്ടുമെന്നാണ് ഐതീഹ്യം. ഭദ്രകാളിപ്പാട്ട് അതിന്റെ ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന
ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവീക്ഷേത്രം.
ദേവീയുടെ മൂലസങ്കേതമായ കൊടുങ്ങല്ലൂരിൽ നിന്നും ദേവീചൈതന്യത്തിന്റെ ഒരു ഭാഗം പാടി ആവാഹിച്ച് ക്ഷേത്ര വിഗ്രഹത്തിൽ ലയിപ്പിക്കുന്ന കാപ്പ് കെട്ടി കുടിയിരുത്തൽ ചടങ്ങ് നടക്കുന്നു.
പരമശിവനിൽ നിന്നും വരം വാങ്ങി 3 ലോകങ്ങളും കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ദാരികൻ എന്ന അസുരനെ വധിക്കുവാൻ ഭദ്രകാളിയെ ശിവൻ ജനിപ്പിക്കുകയും ദാരിക നിഗ്രഹം കഴിഞ്ഞ്
തിരിച്ചെത്തിയ ക്ഷിപ്രകോപിയായ ദേവിയെ ഒരു കുഞ്ഞാക്കി തെക്കും കൊല്ലത്തുള്ള നാരായണർക്ക് വളർത്തു മകളായി നൽകുന്ന ഭാഗം പാടി വിവരിക്കുന്നു.
ദേവിയുടെ തൃക്കല്ല്യാണമായ മാലപ്പുറം പാട്ട്
ദേവിയുടെ ഭർത്താവായ പാലകന്റെ സ്ഥലമായ വടക്കും കൊല്ലത്തേയ്ക്ക് പോകുന്നതും തുടർന്ന് ഭർത്താവിനെചിലമ്പ് വിൽക്കുന്നതിന് വേണ്ടി പാണ്ഡ്യരാജ്യത്തേയ്ക്ക് അയയ്ക്കുന്നതുമായ
ഭാഗമാണ് പാടി വിവരിക്കുന്നത്.
ദേവിയുടെ ഭർത്താവിനെചോഴയം പാണ്ടിയിലെ തട്ടാരും പാണ്ഡ്യരാജാവും ചേർന്ന് ചിലമ്പ് കൈക്കലാക്കി കള്ളനാക്കി കഴുകിൽ വെട്ടിക്കൊല്ലുകയും ഇതറിഞ്ഞ ദേവി ഭർത്താവിനെ
അന്വേഷിച്ച് പോകുന്നത് കഴുകിൽ കിടക്കുന്ന ഭർത്താവിനെതോറ്റിയെടുക്കുന്ന ഭാഗമായ കൊന്നു തേറ്റു പാട്ടാണ് വിവരിക്കുന്നത്.
ദേവി തട്ടാനെയും പാണ്ഡ്യരാജാവിനെയും കൊന്ന് അവരുടെ രാജ്യങ്ങളും നശിപ്പിച്ച് പാണ്ഡ്യരാജാവിന്റെ പത്നിയായ പെരുംദേവിയെ മുത്താരമ്മയാക്കി പ്രതിഷ്‌ഠിക്കുന്ന ഭാഗം വിവരിക്കുന്നു.
പാണ്ഡ്യരാജാവിന്റെ ശിരസ്സുമായി കൈലാസത്ത് ചെന്ന് അച്ഛനെകണ്ട് തനിക്കും ഭർത്താവിനും കൊടുങ്ങല്ലൂരിൽ കുടിയിരിക്കുവാൻ സ്ഥലം വാങ്ങി അവിടെ ദേവിക്കും ഭർത്താവിനും
കുടിയിരിക്കുവാൻ പ്രത്യേകം ക്ഷേത്രം ഉണ്ടാക്കി കുടിയിരിക്കുന്നതുമായ ഭാഗം വിവരിക്കുന്നു. അതോടെ കാപ്പഴിച്ച് കൊടുങ്ങല്ലൂരിലെ ചൈതന്യത്തെ തിരികെ പാടി കുടിയിരുത്തുന്ന ഭാഗത്തോടെ ഭദ്രകാളിപ്പാട്ട് സമാപിക്കുന്നു.
പ്രതിഷ്‌ഠാദിനം - ദുർഗ്ഗാ ദേവി
എല്ലാ വർഷവും മേടമാസത്തിലെ ഉത്രം നക്ഷത്രത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം, അന്നദാനം, പുഷ്‌പാഭിഷേകം,എന്നീ ചടങ്ങുകളോടുകൂടി ദുർഗ്ഗാ ദേവിയുടെ പ്രതിഷ്ഠാദിനം ആചരിച്ചുവരുന്നു. നിരവധി ഭക്തജനങ്ങൾ ഈ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിൽ എത്തി ചേരുന്നു.

പ്രതിഷ്‌ഠാദിനം- ഭദ്രകാളി ദേവി
എല്ലാ വർഷവും ഇടവമാസത്തിലെ അത്തം നക്ഷത്രത്തിൽ ശ്രീ ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാ ദിനം വളരെ സമുചിതമായി ആഘോഷിച്ചു വരുന്നു. അന്നേ ദിവസം പ്രേത്യേക പൂജകളും, കളഭാഭിഷേകം, അന്നദാനം എന്നിവയും കൂടാതെ ഭദ്രകാളി ദേവീ പ്രീതിക്ക് വളരെ പ്രാധാന്യമുള്ള കളമെഴുത്തും പാട്ടും നടത്തി വരുന്നു. അന്നദാനവും മറ്റു വിശേഷാൽ ചടങ്ങുകളോടുകൂടി ശ്രീ ഭദ്രകാളി ദേവിയുടെ പ്രതിഷ്ഠാദിനം ആചരിച്ചുവരുന്നു. നിരവധി ഭക്തജനങ്ങൾ ഈ വിശേഷാൽ ചടങ്ങുകളിൽ പങ്കെടുക്കുവാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ക്ഷേത്രത്തിൽ എത്തി ചേരുന്നു.

നവരാത്രി മഹോത്സവം
നവരാത്രി മഹോത്സവം 9 ദിവസവും വളരെ ദക്തിനിർഭരമായും, ആദ്ധ്യാത്മിക ചടങ്ങുകളോടും, നൃത്ത സംഗീതോത്സവത്തോടും കൂടി സമുചിതായി ആഘോഷിച്ചു വരുന്ന തിരുവനന്തപുരം ജില്ലയിലെ അപൂർവ്വം ദേവീക്ഷേത്രങ്ങളിൽ ഒന്നാണ് കരിയം ദേവീക്ഷേത്രം. സരസ്വതിഹോമ പൂജാധികളോടൊപ്പം നിരവധി ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ദേവീമാഹാത്മ്യപാരായണം, സൗന്ദര്യ ലഹരി പാരായണം, സമ്പൂർണ്ണ ഗീതാപാരായണം, ദാഗവതപാരായണം, എകാഹനാരായണീയ യജ്ഞം, സമൂഹലക്ഷാർച്ചന, വിദ്യാരംഭം എന്നിവയോടുകൂടി നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളിൽ ആയിരക്കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു വരുന്നു. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ നവരാത്രി സംഗീതോത്സവം നടത്തി വരുന്നു. നിരവധി കുട്ടികളും കലാകാരന്മാരും നവരാത്രി ദിവസങ്ങളിൽ ക്ഷേത്രത്തിലെ നവരാതി മണ്ഡപത്തിൽ വിവിധ നൃത്ത സംഗീതാർച്ചനകൾ സമർപ്പിക്കുന്നു. നവരാത്രി പൂജകളിൽ പങ്കെടുക്കുന്നതിനും, സാരസ്വതിഹോമം, വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കുവാൻ നിരവധി വിദ്യാർത്ഥികളും എവിടെ എത്തിച്ചേരുന്നു.

ഭാഗവത സപ്താഹം
എല്ലാ വർഷവും ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മുടങ്ങാതെ ശ്രീമദ് ഭാഗവത സപ്താഹ ജ്ഞാനയജ്ഞം പ്രസിദ്ധരായ ആചാര്യന്മാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഭാഗമായി യജ്ഞശാലയിൽ ഭാഗവത പാരായണം , ആത്മീയ പ്രഭാഷണം ,ഭജന ,മംഗളാരതി , അന്നദാനം, വിശേഷാൽ പൂജകൾ തുടങ്ങിയ ചടങ്ങുകൾ നടത്തിവരുന്നു.ആയിരക്കണക്കിന് ഭക്ത ജനങ്ങൾ ഭാഗവത സപ്താഹ യജ്ഞത്തിൽ പങ്കെടുക്കുവാൻ എവിടെ എത്തിച്ചേരുന്നു.
