കരിയം ദേവീക്ഷേത്രം – പൂര്‍വ്വ ചരിത്രം
സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള ആരാധനാ സമ്പ്രദായങ്ങളിൽ പ്രധാനപ്പെട്ടവയാണ് ശൈവം, ശാക്തേയം, വൈഷ്ണവം മുതലായവ. ശാക്തേയ സമ്പ്രദായത്തിൽ
വിശ്വസിച്ചു പോരുന്ന കേരളത്തിലെ ഒരു പ്രബല സമുദായമാണ് നായർ സമുദായം. ഇതിനു ഉപോത്ബലകമായി ചരിത്രം പരിശോധിച്ചാൽ പ്രബല നായർ തറവാടുകളിൽ എല്ലാം തന്നെ പരദേവതാലയങ്ങൾ പണിയുകയും
അതിൽ പ്രതിഷ്ഠിച്ചിട്ടുള്ള ദേവത ശക്തി സ്വരൂപിണിയായ ദേവിയാണെന്നു കാണാം. അത്തരത്തിൽ തെക്കൻ തിരുവിതാംകൂറിൽ ശ്രീകാര്യം കരിയം ദേശത്തുണ്ടായിരുന്ന പ്രമുഖ നായർ കുടുംബങ്ങളുടെ പരദേവതയും
ശക്തി സ്വരൂപിണിയും, ആയിരക്കണിക്കിന് ഭക്തരുടെ ആശ്രയവുമായ ദുർഗ്ഗാദേവിയുടെയും ഭദ്രകാളി ദേവിയുടെയും അധിവാസകേന്ദ്രമാണ് കരിയം ദേവി ക്ഷേത്രം.
പുരാതനക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഓരോ ഐതിഹ്യങ്ങൾ സ്വാഭാവികമാണല്ലോ? കാലാകാലങ്ങളായി കേട്ടറിഞ്ഞുവരുന്നതും ഭക്തജനങ്ങൾ വിശ്വസിച്ചു പോരുന്നതുമായ ഐതീഹ്യങ്ങൾ
കരിയം ദേവീ ക്ഷേത്രത്തെ സംബന്ധിച്ചു നിലവിലുണ്ട്.
കരിയം ദേവീക്ഷേത്രത്തിൽ കുടികൊള്ളുന്ന ദേവി കൊടുങ്ങല്ലൂരിൽ നിന്നും ജലമാർഗ്ഗം ഇവിടെ വന്നതാണെന്നാണ് കേൾവി. ദേവിയുടെ അംഗരക്ഷകനായി വള്ളത്തിലെ തലയ്ക്കൽ യാത്ര ചെയ്തിരുന്ന മാടനെ ക്ഷേത്രത്തിന്റെ
കിഴക്ക് പാനിച്ചൽ വയൽകരയിലും കൂടെ ഉണ്ടായിരുന്ന നാഗരാജാവിനെ കരിയത്തുകാവിലും ഇരുത്തിയതിനുശേഷം, ദേവി താഴെ കരിയത്ത് ഇന്നു ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥാനത്തു (അന്ന് ഇവിടെ വെറും കാടായിരുന്നു)
കുടിയിരുന്നു എന്നാണ് ഒരു ഐതിഹ്യം.
മേൽ പ്രസ്താവിച്ചതു കൂടാതെ മറ്റൊരു ഐതിഹ്യവും നിലനിൽക്കുന്നു. തറവാട്ടിലെ ദേവീഭക്തനായ കാരണവരുടെ വീട്ടിൽ ഒരു ദിവസം അതിസുന്ദരിയായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും എത്തുകയുണ്ടായി.
വളരെ ദൂരെ നിന്നും വരുന്ന തങ്ങൾക്ക് ആ രാത്രി അവിടെ തങ്ങുവാനുള്ള അനുവാദം ചോദിച്ച അതിഥികളെ കാരണവർ അതിന് അനുവദിക്കുകയും ഇളനീരും നിറനെല്ല് കൊണ്ടുണ്ടാക്കിയ മലരും നൽകി യഥാവിധി
സ്വീകരിക്കുകയും ചെയ്തു. അന്നു രാത്രി കാരണവർ ഒരു അശരീരി കേൾക്കുകയുണ്ടായി. തന്റെ വീട്ടിൽ വന്നിട്ടുള്ള സ്ത്രീ കൊടുങ്ങല്ലൂർ ഭഗവതിയാണെന്നും കൂടെ വന്നിട്ടുള്ളത് ദേവിയുടെ അംഗരക്ഷകരായ മാടൻ
തമ്പുരാനും നാഗരാജാവും ആണെന്നും ആയിരുന്നു അദ്ദേഹം കേട്ടത്. ആ അശരീരി കേട്ടുണർന്ന കാരണവർക്ക് തന്റെ അതിഥികൾ അപ്രത്യക്ഷപ്പെട്ടിരിക്കുന്നതായും പരിസരം മുഴുവൻ വർണ്ണനാതീതമായ പ്രഭ ചൊരിയുന്നതായും
കാണുവാൻ കഴിഞ്ഞു. അന്നുതന്നെ തൻ്റെ കുടുംബാംഗങ്ങളെ അദ്ദേഹം വിവരം ധരിപ്പിക്കുകയും അശരീരി പ്രകാരം അന്നത്തെ രീതിയിൽ കണക്കൊത്ത ഒരു അമ്പത്തീരടി ഇലങ്കം പണിയുവാൻ നിർദ്ദേശിക്കുകയും ചെയ്‌തു.
എന്നാൽ ആ ക്ഷേത്രത്തിന്റെ പണി പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെടുകയും ചെയ്‌തു. അദ്ദേഹത്തിന്റെ കാലശേഷം അനന്തരാവകാശികൾ മുൻ നിർദ്ദേശാനുസരണം അമ്പത്തീരടി ഇലങ്കം പണിയുകയും
പള്ളിയറയ്ക്കുള്ളിൽ ദേവിയെ പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. ആ പള്ളിയറയ്ക്കുള്ളിൽ തന്നെ കന്നിമൂലയിൽ ഗണപതി ഭഗവാനെയും പ്രതിഷ്‌ഠിച്ചു.
അന്നുതൊട്ട് മൂന്ന് വർഷത്തിലൊരിക്കൽ കുടുംബാംഗങ്ങളെല്ലാം ഒത്ത്‌ചേർന്ന് ഏഴ് ദിവസത്തെ ഉത്സവം നടത്തി വന്നിരുന്നു. പച്ചപ്പന്തൽ മുടിപ്പുരകെട്ടി ഭദ്രകാളിപ്പാട്ടോടുകൂടി നടത്തിയിരുന്ന ഉത്സവം അന്നത്തെ സൗകര്യാർത്ഥം
വയലുകളിൽവച്ചായിരുന്നു നടത്തിവന്നിരുന്നത്. ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾക്കും ഉത്സവങ്ങളുടെ നടത്തിപ്പിനുമായി നീക്കിവച്ചിരുന്ന തറവാട്ടുവക സ്വത്ത് കാലാന്തരത്തിൽ, സ്വാർത്ഥികളായ ചില കുടുംബക്കാർ
കൈവശപ്പെടുത്തുകയും വിധിപ്രകാരം ഉത്സവം നടത്തുന്നതിൽ വീഴ്‌ചവരുത്തുകയും ചെയ്തതിനാൽ കൊല്ലവർഷം 1095-)oമാണ്ടോടു കൂടി ഉത്സവം മുടങ്ങുകയും ക്ഷേത്രത്തിന്റെ അധഃപതനം തുടങ്ങുകയും ചെയ്‌തു.
ഏകദേശം 40 വർഷക്കാലത്തിനു ശേഷം ഭക്തജനങ്ങളായ നാട്ടുകാരും, കുടുംബാംഗങ്ങളും ചേർന്ന് ക്ഷേത്രജീർണ്ണോദ്ധാരണം നടത്തി. 1957-ൽ ബ്രഹ്മശ്രീ പുലിയൂർക്കോട് കൃഷണൻപോറ്റിയുടെ മുഖ്യകർമ്മികത്വത്തിൽ
കലമാൻ കൊമ്പുകളിൽ ദേവിയുടെ മൂന്നുഭാവങ്ങളായ വനദുർഗ്ഗയേയും, ശാന്തിദുർഗ്ഗയേയും ഭദ്രകാളിയേയും പ്രതിഷ്‌ഠിച്ചു. തുടർന്ന് 1958 മുതൽ മൂന്ന് വർഷത്തിലൊരിക്കൽ 7 ദിവസത്തെ മുടിപ്പുര മഹോത്സവം
ഭദ്രകാളിപാട്ടോടു കൂടി നടത്തി പോരുകയും ചെയ്തു.
1979-ൽ ക്ഷേത്രഭരണ സമിതിയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെയും നാട്ടുകാരുടേയും യോഗം ചേർന്ന് ക്ഷേത്ര നടയിലുള്ള വയലിൽ 1980 മുതലുള്ള ഉത്സവങ്ങൾ നടത്തുന്നതിന് തീരുമാനിക്കുകയും
ആ യോഗ തീരുമാനപ്രകാരം പ്രസിദ്ധ ജോത്സ്യനായ ആറ്റുവാശ്ശേരി ശ്രീ നാണു ജ്യോത്സ്യരെ സമീപിക്കുകയും ദേവപ്രശ്നം നടത്തുകയും ചെയ്തു. ആ ദേവപ്രശ്‌നത്തിൽ ക്ഷേത്രപുരോഗതിക്കും ദേവതാപ്രീതിക്കും
ക്ഷേത്രസന്നിധിയിൽ ഉത്സവം നടത്തുന്നതാണ് ഉത്തമം എന്ന് കാണുകയും അപ്രകാരം 1980 മുതൽ ഉത്സവം ക്ഷേത്രനടയിലുള്ള വയലിൽ മുടിപ്പുരകെട്ടി നടത്തി വരികയും ചെയ്തു. പ്രസ്‌തുത ഉത്സവത്തിനുശേഷം
ക്ഷേത്രത്തിനു നാൾക്കു നാൾ അഭിവൃദ്ധി ഉണ്ടാവുകയും ചെയ്‌തു.
കരിയം ദേവീക്ഷേത്രം – പഴയ അമ്പത്തീരടി ഇലങ്കം


അമ്പത്തീരടി ഇലങ്കത്തിൽനിന്നും മഹാക്ഷേത്രത്തിലേക്കുള്ള വളർച്ച
1987ൽ നടന്ന ദേവ പ്രശ്‌നവിധിപ്രകാരം പഴയഅമ്പത്തീരടി ഇലങ്കത്തിന്റെ സ്ഥാനത്ത് പുതിയ ക്ഷേത്രം നിർമ്മിച്ച് വിഗ്രഹപ്രതിഷ്ഠ നടത്തുവാനും
ക്ഷേത്രട്രസ്റ്റ് തീരുമാനിച്ചു. ആറ്റുവാശ്ശേരി ശ്രീ. നാണു ജ്യോത്സ്യരുടെ ദേവപ്രശ്‌നവിധി പ്രകാരം അമ്പത്തീരടി ഇലങ്കത്തിൽ പ്രതിഷ്ഠിച്ചിരുന്ന ദേവിയുടെ മൂന്ന് ഭാവങ്ങളേയും ശംഖ്ചക്രധാരിയും അഭയവരദ മുദ്രയോടുംകൂടിയ
ദുർഗ്ഗാദേവിയുടെ മനോഹരമായ ശിലാവിഗ്രഹത്തിൽ സമന്വയിപ്പിച്ച് പ്രതിഷ്ഠിച്ചു. 1988 ഏപ്രില്‍ 28 നു (1163 മേടം 15) ഉത്രം നാളിൽ ശ്രീദുർഗ്ഗാ ദേവിയുടെയും ശ്രീ ഗണപതിയുടെയും പ്രതിഷ്‌ഠാകർമ്മം ക്ഷേത്രതന്ത്രി
ബ്രഹ്മശ്രീ പെരിയമന ഗോവിന്ദൻ പോറ്റിയാണ് നിർവ്വഹിച്ചത്. തുടർന്ന് ദേവപ്രശ്‌നവിധിപ്രകാരം ദേവിക്ക് എല്ലാ വർഷവും ക്ഷേത്രസന്നിധിയിൽ കാപ്പ്കെട്ടി ഭദ്രകാളിപ്പോട്ടുകൂടി ഉത്സവം നടത്തിവരുന്നു. കുറച്ചു വർഷങ്ങൾക്ക്
ശേഷം ക്ഷേത്രത്തിൽ ശ്രീ നാഗരാജാവിന്റെ പ്രതിഷ്ഠാകര്‍മ്മവും നടത്തുകയുണ്ടായി.
1988 ൽ പുനഃപ്രതിഷ്ട നടത്തിയ ശേഷമുള്ള കരിയം ദേവീ ക്ഷേത്രം -പാർശ്വ വീക്ഷണം



അതിനുശേഷം ഈ ദേശത്ത് ഭൗതികവും ആത്മികവുമായ അഭിവൃദ്ധിയും ഉണർവും നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. അന്യനാടുകളിൽ നിന്നുപോലും ക്ഷേത്രദർശനത്തിനായി നിരവധി ഭക്തജനങ്ങൾ ഇവിടെ എത്തിച്ചേരുന്നു.
2014ൽ പ്രസിദ്ധ ജ്യോതിഷ പണ്ഡിതൻ തലയോലപറമ്പ് ശ്രീ പരമേശ്വരൻ മേനോന്റെ നേതൃത്വത്തിൽ നടന്ന ദേവ പ്രശ്നവിധിപ്രകാരം ഈ ക്ഷേത്രം നൂറ്റാണ്ടുകൾക്കുമുമ്പ് ആചാര വിധികൾ പ്രകാരം ഭദ്രകാളി ദേവിയെ ആരാധിച്ചു
പൂജ നടന്നുവന്നിരുന്ന ഒരു പ്രമുഖ ക്ഷേത്രമായിരുന്നുവെന്നും, കൊടുങ്ങല്ലൂർ ഭഗവതിയുമായി മൂലബന്ധമുള്ള ക്ഷേത്രമാണെന്നും ആയതിനാൽ ശക്തി സ്വരൂപിണിയായ ശ്രീ ഭദ്രകാളി ദേവിക്കു ഒരു പ്രത്യേക ക്ഷേത്രം നിർമ്മിച്ചു
പ്രതിഷ്ഠ നടത്തി ആരാധിക്കണമെന്നും അതിലൂടെ ഈ ക്ഷേത്രം ഇതു ഒരു മഹാക്ഷേത്രമായി മാറും എന്നും വിധിക്കുകയുണ്ടായി. അതിൻ്റെ തുടർച്ചായി 2016 ജൂലൈ മാസം ക്ഷേത്ര നിർമ്മാണത്തിനു വേണ്ടി ദൈവഹിതം
ചിന്തനം ചെയ്യുകയും അതിൻ്റെ അടിസ്ഥാനത്തിൽ ദുർഗ്ഗാദേവി ക്ഷേത്രത്തിനടുത്തായി സമാനമായി രീതിയിൽ കിഴക്കു ദർശനത്തോടുകൂടി ഭദ്രകാളി ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠ നടത്തുന്നതിനും തീരുമാനിച്ചു. 2016 നവംബർ 24
നു ഭദ്രകാളി ക്ഷേത്ര നിർമാണത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു. 125 ദിവസങ്ങൾകൊണ്ടു ഭദ്രകാളി ക്ഷേത്ര നിർമാണവും വളരെ മനോഹരമായ രീതിയിൽ ക്ഷേത്ര ചുറ്റമ്പലവും പണികഴിപ്പിക്കുകയും 2017 ജൂൺ
മാസം നാലാം തീയതി ഭദ്രകാളി ദേവിയുടെയും ഉപദേവന്മാരുടെയും പ്രതിഷ്ഠ കർമവും ചുറ്റമ്പല സമർപ്പണവും നടന്നു. അതിന്റെ തുടർച്ചയായി ക്ഷേത്ര ആനക്കൊട്ടിലിന്റെയും പ്രദിക്ഷിണ വഴിയുടെയും നിർമാണ പ്രവർത്തനങ്ങളും
പൂർത്തിയാക്കി സമർപ്പിച്ചു . അത്തരത്തിൽ ഒരു അമ്പത്തീരടി ഇലങ്കത്തിൽ നിന്നും ഒരു വലിയ മഹാക്ഷേത്രമായി ഈ ക്ഷേത്രം മാറുകയായിരുന്നു.
2017 -ൽ പുതുതായി പണികഴിപ്പിച്ച ക്ഷേത്രചുറ്റമ്പലവും ഭദ്രകാളി ക്ഷേത്രവും ഉപദേവൻ മാരും







